2025-26 വാര്‍ഷിക പദ്ധതി
കേരളത്തിന്റെ അഭിമാനമായ ജനകീയാസൂത്രണം അഞ്ച് പഞ്ചവത്സര പദ്ധതികൾ പിന്നിട്ടിരിക്കുന്നു. വൈവിധ്യമാര്‍ന്നതും ഭാവനാപൂര്‍ണ്ണവുമായ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള പ്രാപ്തി തദ്ദേശ സ്ഥാപനങ്ങൾ ആര്‍ജ്ജിച്ച് കഴിഞ്ഞു. കോവിഡാനന്തര നവകേരള സൃഷ്ടിയിൽ തദ്ദേശ സ്ഥാപനങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശഭരണ സ്ഥാപനങ്ങളെ മാറുന്നതിനാണ് പതിനാലാം പദ്ധതിയിൽ ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തി കൊണ്ടുള്ള സുസ്ഥിര വികസനം ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തേയും തല്‍ഫലമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളേയും അതിജീവിക്കുന്നതിനുള്ള കഴിവുകള്‍ ആര്‍ജിക്കാൻ സഹായിക്കുന്ന പദ്ധതികൾ, സമഗ്രമായ സാമൂഹ്യ സുരക്ഷ, ആധുനികവും പരിസ്ഥിതി സൌഹൃദവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം, മാലിന്യ നിര്‍മാര്‍ജനം, തൊഴില്‍ ഉപജീവന സുരക്ഷ, ദാരിദ്രത്തിൽ നിന്നുള്ള പൂര്‍ണ്ണമായ മോചനം എന്നിവയും നാം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളിൽ ഉള്‍പ്പെടുന്നു.
2025-26 ലെ വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ കാലേകൂട്ടി ആരംഭിക്കുകയും, സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതി നിര്‍വഹണം ആരംഭിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്‍പ് നിര്‍വഹണം പൂര്‍ത്തീകരിക്കുന്നതിനുമാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പതിനാലാം പഞ്ചവത്സര പദ്ധതിക്ക് നിശ്ചയിച്ചിട്ടുള്ള പൊതു ലക്ഷ്യങ്ങൾ, സവിശേഷ വികസന ലക്ഷ്യങ്ങൾ, പൊതു മുന്‍ഗണനകൾ തുടങ്ങിയവ കണക്കിലെടുത്ത് പ്രാദേശിക തലത്തിൽ പഞ്ചവത്സര പദ്ധതി കാലയളവിലേക്ക് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് ഗ്രാമ പഞ്ചായത്ത് രൂപം നല്കിയിരിക്കുന്നത്.
ലഭ്യമായ ഫണ്ടുകൾ നിര്‍ബന്ധിത വകയിരുത്തലുകൾ കഴിച്ച്, സര്‍ക്കാറിന്റെയും, ജില്ലാ ആസൂത്രണ സമിതിയുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുന്‍ഗണനാ ക്രമമനുസരിച്ച് വകയിരുത്തിയാണ് കരട് പ്രൊജക്ടുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.