2024-25 ബജറ്റ് റിപ്പോര്‍ട്ട്
കടന്നപ്പള്ളി പാണപ്പുഴയില്‍ ഉല്‍പാദന മേഖലയ്ക്ക് മുന്‍തൂക്കം
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചാത്ത് 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീ കെ മോഹനൻ അവതരിപ്പിച്ചു. ആകെ 30,38,82,918 രൂപ വരവും, 29,80,00,388 ചെലവും, 58,82,530 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഉല്‍പാദന മേഖലയ്ക്കാണ് ഊന്നൽ നല്‍കിയിരിക്കുന്നത്. 20224000 രൂപയുടെ പദ്ധതികളാണ് ഉല്‍പാദന മേഖലയിൽ നടപ്പിലാക്കുന്നത്. കാര്‍ഷിക മേഖലയിൽ 6171500 രൂപയുടെ പദ്ധതികളും, മൃസംരക്ഷണ രംഗത്ത് 2502500 രൂപയുടെ പദ്ധതികളും നടപ്പിലാക്കുന്നു. ആണിത്തോടുകളുടെ നവീകരണത്തിനും, പുതിയ വി സി ബി നിര്‍മിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നു. വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഷീ കഫേ പദ്ധതിയും ബജറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. സംസ്ഥാന സര്‍ക്കാറിന്റെ നയ പരിപാടികളുടെ ഭാഗമായി മുന്നോട്ട് വച്ച ഹാപ്പിനെസ് പാര്‍ക്ക് നിര്‍മാണം പദ്ധതി, പൊതുജനങ്ങളുടെ ഹാപ്പിനെസ് ഇന്‍ഡക്സ് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ്.
സേവനമേഖലയില്‍ 40128720 രൂപയുടെ പദ്ധതികളും, പശ്ചാത്തല മേഖലയിൽ 37615000 പദ്ധതികളും 2024-25 വര്‍ഷം നടപ്പിലാക്കുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി സുലജ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി ഷിബുകരുണ്‍ സ്വാഗതമാശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാർ, ഭരണസമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സംസാരിച്ചു.