പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
2026-27 വാര്‍ഷിക പദ്ധതി

കേരളത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനം അതിന്റെ സുപ്രധാന ഘട്ടങ്ങൾ പിന്നിട്ടിരിക്കുകയാണ്. വൈവിധ്യമാർന്നതും ഭാവനാസമ്പന്നവുമായ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള പ്രാപ്തി നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോടകം ആർജ്ജിച്ചു കഴിഞ്ഞു. സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന 'നവകേരള' സൃഷ്ടിയിൽ തദ്ദേശ സ്ഥാപനങ്ങൾ നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്. പ്രാദേശിക സാമ്പത്തിക വളർച്ചയുടെ കേന്ദ്രങ്ങളായി പഞ്ചായത്തുകളെ മാറ്റുന്നതിനാണ് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ നാം ലക്ഷ്യമിടുന്നത്.

          'സമഗ്ര വികസനം, സൗഹാർദ്ദ സമൂഹം, സമാധാന ജീവിതം' എന്ന കാഴ്ചപ്പാടിൽ പശ്ചാത്തല കാർഷിക ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്കും സംസ്ഥാന സർക്കാരിന്റെ പ്രധാന കർമ്മപദ്ധതികളായ ലൈഫ് മിഷനിലൂടെ എല്ലാവർക്കും സുരക്ഷിതമായ ഭവനം, അതിദാരിദ്ര്യ നിർമ്മാർജ്ജനം, മാലിന്യമുക്തം നവകേരളം, വാതിൽപ്പടി സേവനങ്ങൾ എന്നിവയ്ക്കും മുന്തിയ പരിഗണന കൊടുത്തു കൊണ്ടുള്ള പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

​   പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തിയുള്ള സുസ്ഥിര വികസനവും ജനങ്ങളുടെ ക്ഷേമവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കിയുള്ള സാമൂഹിക സ്വാധീനമുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമവും പുതിയ പദ്ധതികളിൽ വിഭാവനം ചെയ്യുന്നുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന പദ്ധതികളും മൃഗസംരക്ഷണം, ചെറുകിട സംരംഭങ്ങൾ എന്നിവയിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നാം ഊന്നൽ നൽകുന്നു. പരിസ്ഥിതി സൗഹൃദ സാമൂഹ്യ സുരക്ഷയും ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ തൊഴിൽ ഉപജീവന പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്.

 ​2026-27 വർഷത്തെ വാർഷിക പദ്ധതികൾക്ക് രൂപം നൽകുന്ന പ്രവർത്തനങ്ങൾ നാം പൂർത്തിയാക്കിയിരിക്കുകയാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതി നിർവ്വഹണം ആരംഭിച്ച് നിശ്ചിത സമയത്തിനകം പൂർത്തിയാക്കുക എന്നതാണ് ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതു ലക്ഷ്യങ്ങൾക്കൊപ്പം പ്രാദേശികമായ ആവശ്യങ്ങൾ കൂടി കൂട്ടിയിണക്കിയാണ് ഈ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.

പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഈ അവസാന വർഷത്തിൽ ലഭ്യമായ ഫണ്ടുകൾ സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായും ജില്ലാ ആസൂത്രണ സമിതിയുടെ നിർദ്ദേശങ്ങൾ പാലിച്ചും മുൻഗണനാ ക്രമത്തിൽ വകയിരുത്തിയാണ് കരട് പ്രോജക്ടുകൾ തയ്യാറാക്കിയിരിക്കുന്നത്. 

  • Plan 2026-27