ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വളരെ പ്രാചീനമായ ചരിത്രമുള്ള പ്രദേശമാണിത്. സഹസ്രാബ്ദത്തിലധികം പഴക്കമുള്ളതും ഭാരതത്തിലെ 18 മഹാശിവക്ഷേത്രങ്ങളിലൊന്നുമാണ് വെള്ളാലത്ത് ശിവക്ഷേത്രം. ജ്യോതിഷലിംഗ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിലെ കുളത്തിന്റെ കല്‍പ്പടവുകളില്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ളതും, തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ പുരാതന ലിഖിതങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. പഴയ മദിരാശി സംസ്ഥാനത്തിലെ ചിറയ്ക്കല്‍ താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമാണിത്. ചാതുര്‍വര്‍ണ്ണ്യത്തിന്റെ എല്ലാ നെറികേടുകളും തീവ്രമായിത്തന്നെ ഇവിടെയും നിലനിന്നിരുന്നതായി കാണാം. വെള്ളക്കാരാകട്ടെ തന്‍കാര്യസാദ്ധ്യത്തിനായി ഈ ചാതുര്‍വര്‍ണ്ണ്യത്തെ അതേപടി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ആവതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. ഈ പ്രദേശത്തെ സവര്‍ണ്ണര്‍ ശക്തി പ്രാപിച്ചതോടുകൂടി വെള്ളക്കാരന്റെ സില്‍ബന്ധികളും നാടിന്റെ അധികാരികളുമായി. അതുവരെ വിവിധ ദേവസ്വത്തിന്റെ കൈകളിലായിരുന്ന ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ അവര്‍ തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ഉത്സവത്തിന്റെ നടത്തിപ്പുകളില്‍ പ്രധാനികളായി നഷ്ടത്തിന്റെ ഇല്ലാക്കഥകള്‍ ചമച്ച് പൊന്നു വിളയുന്ന ഭൂമി മുഴുവന്‍ തങ്ങളുടേതാണെന്ന് അവര്‍ ചെണ്ട കൊട്ടിപ്പാടി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം ഏറെ ദൂരം മാറി നില്‍ക്കേണ്ടി വന്ന അവര്‍ണ്ണരാകട്ടെ ഇതിനൊക്കെ മൂകസാക്ഷികളായി. ഈ സവര്‍ണ്ണമേധാവിത്വത്തെ ബ്രിട്ടീഷുകാര്‍ നിയമപരിരക്ഷ നല്‍കി സംരക്ഷിച്ചു. തീണ്ടലും തൊടീലും അതിന്റെ പൂര്‍ണ്ണതയില്‍ നിലനിന്നിരുന്ന കാലത്ത് ഇവിടുത്തെ കീഴാളജനതയ്ക്ക് മേളാളരില്‍ നിന്നു അനുഭവിക്കേണ്ടി വന്ന യാതനകള്‍ക്കു കൈയ്യും കണക്കുമില്ല. പാണപ്പുഴ വില്ലേജിലെ ആലക്കാട്, കണ്ണങ്ങാട് എന്നിവിടങ്ങളില്‍ തീണ്ടിയാല്‍ വെളിച്ചെണ്ണ എടുത്തുകൊടുക്കുക എന്നാരു ചടങ്ങുണ്ടായിരുന്നു. നാല്‍ക്കാലികളെപ്പോലെ പണിയെടുക്കുകയും ഫലങ്ങളെല്ലാം ജന്മിയുടെ അകത്തളങ്ങളില്‍ കുന്നുകൂടുകയും ചെയ്തപ്പോള്‍, സഹനത്തിന്റെ മലകള്‍ ഏറെ താണ്ടിക്കടന്ന് കര്‍ഷകര്‍ ഒടുവില്‍ നെഞ്ചുവിരിച്ച് പ്രതികരിക്കാന്‍ തന്നെ തയ്യാറായി. ഇതിന്റെ പ്രതിഫലനമായി, സംഘടിതമായി നടത്തിയ പ്രതിഷേധജാഥ ജന്മിയുടെ അദികാരകൊത്തളങ്ങള്‍ക്കേറ്റ ആദ്യപ്രഹരമായിരുന്നു. അയിത്തോച്ചാടനത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തേറണ്ടിവയലില്‍ വച്ച് നടന്ന പന്തിഭോജനം അതുവരെ നിലവിലിരുന്ന തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടേയും നിഷേധത്തിന്റെ അന്നദാനമായിരുന്നു. 1935-ല്‍ കൊളച്ചേരി വച്ച് കര്‍ഷകസംഘം രൂപീകരിച്ചതു മുതല്‍ ഇവിടെയും അതിന്റെ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. കര്‍ഷക സംഘം കല്ലോന്താര്‍ കുടുക്കുവളപ്പില്‍ സംഘടിപ്പിച്ച സമ്മേളനം പഞ്ചായത്തിലെ കര്‍ഷക ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതായി. പഞ്ചായത്തില്‍ വിദ്യാലയങ്ങളുണ്ടാകുന്നതിനു വളരെ മുന്‍പു തന്നെ നാട്ടെഴുത്താശാന്‍മാര്‍ കുടിപള്ളിക്കുടങ്ങള്‍ നടത്തിയിരുന്നു. ഇവര്‍ക്കു പുറമെ ധാരാളം നിലത്തെഴുത്താശാന്മാരും ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. സാംസ്ക്കാരിക സാമൂഹിക രംഗങ്ങളില്‍ വളരെ മുന്‍പു തന്നെ പുതിയ പുതിയ മാറ്റങ്ങള്‍ ദൃശ്യമായിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗം പഞ്ചായത്തിലെത്തിയത് പാണപ്പുഴയില്‍ കുടിയേറ്റക്കാരായും കടന്നപ്പള്ളിയില്‍ ഫാദര്‍ സുക്കോളോവിന്റെ ഭവനനിര്‍മ്മാണപദ്ധതിയുമായും ബന്ധപ്പെട്ടായിരുന്നു. ജനങ്ങളുടെ മുഖ്യഉപജീവനമാര്‍ഗ്ഗം കൃഷി തന്നെയായിരുന്നു. ഇവിടെ പ്രധാനമായും മഴയെ ആശ്രയിച്ചുള്ള കൃഷിരീതിയാണ് നടപ്പിലുണ്ടായിരുന്നത്.
സാംസ്കാരികചരിത്രം
കടന്നപ്പളിളി-പാണപ്പുഴ പഞ്ചായത്തിന് തനതായ ഒരു സാംസ്കാരികപൈതൃകമുണ്ട്. സാംസ്കാരിക, മതമൈത്രികളാല്‍ അനുഗ്രഹിക്കപ്പെട്ട പ്രദേശമാണിത്. മുന്‍കാലത്ത് ക്ഷേത്രങ്ങളിലെ ഉത്സവദിവസം മഖാമില്‍ ചന്ദനതിരി കത്തിക്കുന്ന ഒരു പതിവ് ഈ പ്രദേശത്തുണ്ടായിരുന്നു. ദക്ഷയാഗം, പാര്‍വ്വതീസ്വയംവരം, പാലാഴിമഥനം, ദാരികവധം, എന്നിവ കഥാരൂപേണ കൊത്തിവെച്ച പാണപ്പുഴയിലെ സോമേശ്വരി ക്ഷേത്രവും അപൂര്‍വ്വങ്ങളായ ദാരുശില്പങ്ങളുള്ള ചാരുതയാര്‍ന്ന വെള്ളറാലത്ത് ശിവക്ഷേത്രവും നൂറ്റാണ്ടുകളുടെ പഴക്കമുള്ളകതാണ്. സഹസ്രാബ്ദത്തിലധികം പഴക്കമുള്ളതും ഭാരതത്തിലെ 18 മഹാശിവക്ഷേത്രങ്ങളിലൊന്നുമാണ് വെള്ളാലത്ത് ശിവക്ഷേത്രം. ജ്യോതിഷലിംഗപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിലെ കുളത്തിന്റെ കല്‍പ്പടവുകളില്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള, തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത പുരാതനലിഖിതങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ക്ഷേത്രങ്ങള്‍ക്കായിരുന്ന കാലത്ത് അവ ഭരണാധികാര കേന്ദ്രങ്ങളുമായിരുന്നു. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍, കളിയാട്ടങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ തുടങ്ങിയവ ഗ്രാമീണ സമുദായത്തിലെ കൂട്ടായ്മകളുടെ പ്രതീകം കൂടിയായിരുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും ഈ ആഘോഷങ്ങള്‍ക്കൊണ്ടായിരുന്നു. ഏര്യം, കണ്ണങ്കൈ, ആലക്കാട്, ചന്തപ്പുര, കടന്നപ്പള്ളി എന്നീ പ്രദേശങ്ങളില്‍ മുസ്ളിം ജനവിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്നു. എടക്കോത്തുള്ള ഒരു പള്ളിയാണ് പഞ്ചായത്തിലെ ഏക ക്രിസ്തീയ ദേവാലയം. പഞ്ചായത്തിന്റെ വടക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പാണപ്പുഴ പ്രദേശം പ്രകൃതിലാവണ്യം കൊണ്ട് അനുഗൃഹീതമാണ്. കേതകീപുരമെന്ന കൈതപ്രത്തിന് സാംസ്ക്കാരികചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. വേദശാസ്ത്ര മഹാപണ്ഡിതന്മാരെയും, പ്രഗത്ഭ ജ്യോതിഷപണ്ഡിതന്മാരെയും, സംഗീതജ്ഞന്മാരെയും, കവികളെയും സംഭാവന ചെയ്യാന്‍ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ട്. സാഹിത്യഭംഗി നിറഞ്ഞുതുളുമ്പുന്ന തോറ്റംപാട്ടുകളും കോല്‍കളിപാട്ടുകളും രചിച്ച മഹാപ്രതിഭാശാലികളായ കവിശ്രേഷ്ടന്മാരും പൂരക്കളിയുടെ ആചാര്യന്മാരും ഈ നാട്ടിലുണ്ടായിരുന്നു. ഈ പ്രദേശത്ത് പണ്ടുമുതല്‍ക്കു തന്നെ പ്രചാരത്തിലുണ്ടായിരുന്ന രണ്ട് ഗ്രാമീണകലകളാണ് പുരക്കളിയും കോല്‍ക്കളിയും. പ്രേതപിശാചുക്കളെ അകറ്റിനിര്‍ത്താനായി എന്ന വിശ്വാസത്തില്‍ കെട്ടിയാടുന്ന ആടിവേടനും പഴയ യുഗത്തിന്റെ കൈവെള്ളകളില്‍ നിറഞ്ഞുനിന്നിരുന്ന ഐശ്വര്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഓണത്താറും ഇന്നും ഗൃഹസന്ദര്‍ശനം നടത്തുന്ന കലാരൂപങ്ങളാണ്. കലാസാംസ്കാരിക സ്ഥാപനങ്ങളുടെ ഘടനയും പ്രവര്‍ത്തനവും കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്നത് ദേശീയപ്രസ്ഥാനത്തിന്റെ ആരംഭത്തോടെയാണ്. അക്കാലത്ത് പിറവിയെടുത്ത കൈതപ്രം പൊതുജനവായനശാലയാണ് പഞ്ചായത്തിലെ ആദ്യവായശാല. ഇന്നു കാണുന്ന കൈതപ്രം ഗ്രന്ഥാലയം സ്ഥാപിതമായത് 1957-ലാണ്. പഞ്ചായത്തില്‍ എടുത്തുപറയേണ്ട രണ്ടാമത്തെ സാംസ്കാരിക കേന്ദ്രം 1969-ല്‍ സ്ഥാപിതമായ ഏര്യത്തുള്ള ജ്ഞാനോദയ വായനശാലയാണ്.