തുപ്പല് വേണ്ട ശുചിത്വം മതി - തുപ്പല് വിരുദ്ധ റാലി സംഘടിപ്പിച്ചു
September 19, 2026
തുപ്പല് വേണ്ട ശുചിത്വം മതി എന്ന മുദ്രാവാക്യമുയര്‍ത്തി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുപ്പല് വിരുദ്ധറാലി സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ള പട്ടണങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പ്രോജക്ട് ബീക്കണ്‍ ടൗണ്‍ പദ്ധതിയിലുള്‍പ്പെടുത്തി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപരവും സാമൂഹികവുമായ പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും, പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് തടയുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച റാലിയില്‍ കടന്നപ്പളളി ഗവ, ഹയര്‍സെക്കണ്ടറി സ്കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങളായ കുട്ടികളും, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, ഹരിതകര്‍മ്മ സേനാംഗങ്ങളും, ജീവനക്കാരും, നാട്ടുകാരും പങ്കാളികളായി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വി എ കോമളവല്ലിയുടെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി പി ശ്രീമതി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ കെ എം സുനില്‍ കുമാര്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ പി സന്തോഷ്, പി ടി എ പ്രസിഡന്റ് രാജേഷ് പി വി, റിസോഴ്സ് പേഴ്സണ്‍ സുജന എം, അസിസ്റ്റന്റ് സെക്രട്ടറി സജിത പി കെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ആന്റണി എന്‍ ചടങ്ങിന് സ്വാഗതവും, വി ഇ ഒ സൗമ്യ സി എച്ച് നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.