പാടി വയലില്‍ പൊന്ന് വിളയിച്ച് ജനകീയ കൂട്ടായ്മ
October 3, 2026
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ സമഗ്ര നെൽകൃഷി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് തരിശ് രഹിത ഗ്രാമ പഞ്ചായത്തായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുമായി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും കൃഷിഭവനും മുന്നോട്ട് പോകുകയാണ്. ആയതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെടുന്ന പാടി വയലിൽ 2 ഏക്കർ വയലിൽ ജനകീയ കൂട്ടായ്മയിൽ നെൽകൃഷി ഇറക്കിയത്. പഞ്ചായത്തും കൃഷി വകുപ്പും നാട്ടുകാരും കൈകോർത്തതോടെ ലഭിച്ചത് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വിളവ്.
പാടിവയലിൽ നടന്ന കൊയ്ത്തുത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. വി ചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. എ. കോമളവല്ലി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. വി. മോഹനൻ , പാടശേഖര സമിതി സെക്രട്ടറി കെ. കരുണാകരൻ, മല്ലപ്പള്ളി നാരായണൻ, വാർഡ് മെമ്പർ സി.വി വിനോദ്, കൃഷി അസിസ്റ്റന്റ് ഇന്ദിര തുടങ്ങിയവർ സന്നിഹിതരായി.