സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണായി പ്രഖ്യാപിച്ചു

October 17, 2026

സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന നിർമ്മലം – പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള  വിളംബര ഘോഷയാത്രയും, കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ള പട്ടണങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പ്രോജക്ട് ബീക്കണ്‍ ടൗണ്‍ പദ്ധതിയുള്‍പ്പെടുത്തി ചന്തപ്പുര ടൗണിനെ ബീക്കണ്‍ ടൗണായി പ്രഖ്യാപിക്കുന്ന ചടങ്ങും, കടന്നപ്പള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ക്യാമ്പസ് സീറോ വേസ്റ്റ് ക്യാമ്പസ് പ്രഖ്യാപനവും ചന്തപ്പുരയില്‍ നടന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ പി രവീന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ശുചിത്വ പരിപാലനത്തില്‍ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പാത പിന്തുടരണമെന്നും, ശുചിത്വം ദൈവ ഭക്തിക്ക് തുല്യമാണെന്ന ആപ്തവാക്യം മുന്‍നിര്‍ത്തി കൂടുതല്‍ മുന്നേറാനും, നാം നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബീക്കണ്‍ ടൗണ്‍ പ്രഖ്യാപനത്തിന്‍റെ ഭാഗമായി പ്രശസ്ത ശില്‍പി ഉണ്ണി കാനായി നിര്‍മിച്ച് ചന്തപ്പുര ടൗണില്‍ സ്ഥാപിച്ച ചൂലേന്തിയ കാക്കയുടെ ശില്‍പത്തിന്‍റെ അനാച്ഛാദനവും ചടങ്ങിന്‍റെ ഭാഗമായി നടന്നു. ബീക്കണ്‍ ടൗണ്‍ പ്രഖ്യാപനത്തിന് മുന്നോടിയായി അതി വിപുലമായ ശുചീകരണ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളാണ് ചന്തപ്പുര കേന്ദ്രീകരിച്ച് നടന്നത്. നിലവിലെ ശുചിത്വ നിലവാരം അളക്കുന്നതിനും, വിടവുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുമായി കടന്നപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ ബെയ്‌സ് ലൈൻ സർവ്വേ നടത്തി കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കുന്നതിനോടൊപ്പം ചന്തപ്പുരയുടെ പ്രധാന കേന്ദ്രങ്ങളില്‍ ശുചിത്വ സന്ദേശ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ബിന്നുകള്‍ സ്ഥാപിക്കല്‍, ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികളുടെയും, വ്യാപാരികളുടെയും സഹകരണത്തോടെ മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതിന്‍റെ അപകടം വിളിച്ചോതിക്കൊണ്ട് തുപ്പല്‍ വേണ്ട ശുചിത്വം മതി എന്ന മുദ്രാവാക്യമുയര്‍ത്തി തുപ്പല്‍ വിരുദ്ധ റാലി, വിവിധ ഘട്ടങ്ങളില്‍ നടന്ന അവലോകന യോഗങ്ങള്‍, ചന്തപ്പുര നഗരത്തില്‍ ചൂലേന്തിയ കാക്കയുടെ ശില്‍പം സ്ഥാപിക്കല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് ചന്തപ്പുര ടൗണ്‍ ബീക്കണ്‍ ടൗണായി പ്രഖ്യാപിക്കുന്നതിന് ഗ്രാമ പഞ്ചായത്തിന് സാധിച്ചത്.

ഉദ്ഘാടന ചടങ്ങിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ചു,  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി വി എ കോമളവല്ലി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം പി മധു, ഉണ്ണി കാനായി, ഇ പി ബാലകൃഷ്ണന്‍, രാജേഷ് മല്ലപ്പള്ളി, ഇ പി ഉണ്ണികൃഷ്ണന്‍, കെ കെ ആലിക്കുഞ്ഞി ഹാജി, ടി രാജന്‍, കടന്നപ്പള്ളി ഹയര്‍ സെക്കണ്ടറി സ്കൂള്‍‌ പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ, എച്ച് എം അനിത പി എം, പി ടി എ പ്രസിഡന്‍റ് പി വി രാജേഷ്, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ സുജന എം, പി കെ ഭാസ്കരന്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആന്‍റണി എന്‍ ചടങ്ങിന് സ്വാഗതവും, വി ഇ ഒ സൗമ്യ സിച്ച് നന്ദിയും അര്‍പ്പിച്ചു.

image