പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
ഒറ്റ നോട്ടത്തില്‍

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ തളിപ്പറമ്പ് ബ്ളോക്കിലാണ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടന്നപ്പള്ളി,പാണപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രാമപഞ്ചായത്തായ കടന്നപ്പള്ളി-പാണപ്പുഴയ്ക്ക് 53.75 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് എരമം-കുറ്റൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം പഞ്ചായത്തും, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ചെറുതാഴം പഞ്ചായത്തുമാണ്. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചെരിഞ്ഞുകിടക്കുന്ന കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിനു വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണുള്ളത്. ഒട്ടനവധി കുന്നുകളും, കുന്നുകളോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തോടുകളും വയലുകളും, പുഴയോര സമതലപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ  പഞ്ചായത്ത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിനെ ഭൂപ്രകൃതിയനുസരിച്ച് ഉയര്‍ന്ന പാറപ്രദേശങ്ങള്‍, കുന്നിന്‍ ചെരിവുകള്‍, എക്കല്‍ മണ്ണുള്ള വയല്‍പ്രദേശങ്ങള്‍, പുഴയോര സമതലങ്ങള്‍ എന്നിങ്ങനെ നാലായി തരം തിരിക്കാവുന്നതാണ്. മൊത്തം വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഉയര്‍ന്ന പാറപ്രദേശങ്ങളും കുന്നിന്‍ചെരിവുകളുമാണ്. പൊതുവെ നാണ്യവിളകള്‍ക്ക് അനുയോജ്യമായ കുന്നിന്‍ചെരിവുകളില്‍ റബ്ബര്‍, കശുമാവ്, മരച്ചീനി, കുരുമുളക്, തുടങ്ങിയവ കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പതിമൂന്നു കാര്‍ഷിക കാലാവസ്ഥാമേഖലകളില്‍ വടക്കന്‍ ഇടനാട് കാര്‍ഷിക കാലാവസ്ഥാമേഖലയിലാണ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുപ്രദേശം ഉള്‍പ്പെടുന്നത്. ഏഴോം വില്ലേജില്‍ നിന്നടുത്ത കടന്നപ്പള്ളിയും കുറ്റൂര്‍ വില്ലേജില്‍ നിന്നടുത്ത സ്വരൂപശ്രീ എന്ന ചെറുവിച്ചേരിയും ചേര്‍ന്ന് കടന്നപ്പള്ളി പഞ്ചായത്തും, കുറ്റൂര്‍ വില്ലേജില്‍ നിന്നടുത്ത പാണപ്പുഴ പ്രദേശം പാണപ്പുഴ പഞ്ചായത്തും 1954-ല്‍ രൂപീകൃതമായി. തുടര്‍ന്ന് 1963 ഡിസംബര്‍ 20-തിനാണ് ഇന്നത്തെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് നിലവില്‍ വന്നത്. സഹസ്രാബ്ദത്തിലധികം പഴക്കമുള്ളതും ഭാരതത്തിലെ 18 മഹാശിവക്ഷേത്രങ്ങളിലൊന്നുമാണ് വെള്ളാലത്ത് ശിവക്ഷേത്രം. ജ്യോതിഷലിംഗപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിലെ കുളത്തിന്റെ കല്‍പ്പടവുകളില്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള, തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത പുരാതനലിഖിതങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. പൊതു വിവരങ്ങൾ പേര്                    -    കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വിസ്‍തൃതി                -    53.75 ച.കി.മീ. ജനസംഖ്യ                -    22603 പുരുഷൻമാർ                -    10212 സ്‍ത്രീകൾ                -    12391 പട്ടികജാതി ജനസംഖ്യ        -  ബ്ലോക്ക്                -    തളിപ്പറമ്പ് ജില്ല                    -    കണ്ണൂർ നിയമസഭാമണ്ഡലം            -    കല്ല്യാശ്ശേരി പാർലമെന്റ് മണാഡലം        -    കാസറഗോഡ്