സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
2026-27 ബജറ്റ് റിപ്പോര്‍ട്ട്

കടന്നപ്പള്ളി പാണപ്പുഴയില്‍ കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കും.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി 2026-27 വാര്‍ഷിക ബജറ്റ്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി വി എ കോമളവല്ലി ബജറ്റ് അവതരിപ്പിച്ചു. ആകെ 36 കോടി 29 ലക്ഷം രൂപ വരവും, 32 കോടി 7 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 4 കോടി 21 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
     കൃഷി കൂടുതല്‍ ആദായകരമാക്കുന്നതിനും, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൃഷി വിജ്ഞാന വ്യാപന കേന്ദ്രം ആരംഭിക്കുന്നതുള്‍പ്പടെ ഉല്‍പാദന മേഖലയില്‍ 1 കോടിയിലധികം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ടുകൊണ്ട് കൂടുതല്‍ തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബഡ്സ് സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് 52 ലക്ഷം രൂപ വകയിരുത്തിയ ബജറ്റില്‍ ലൈഫ് ഭവന നിര്‍മാണ പദ്ധതിക്ക് 1കോടി 10 ലക്ഷം രൂപയും, പാലിയേറ്റീവ് പരിചരണത്തിന് 12 ലക്ഷം രൂപ ഉള്‍പ്പടെ ആരോഗ്യ മേഖലയില്‍ 60 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. വിദ്യാഭ്യാസ രംഗത്ത് അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷവും, വനിതാ വികസനത്തിന് 30 ലക്ഷവും, ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി 15 ലക്ഷവും, വയോജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളിലായി 13 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അംഗന്‍വാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പോഷാകാഹാര വിതരണത്തിനുമായി 50 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പട്ടികജാതി വിഭാഗത്തിന്‍റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തി 30 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പിലാക്കുന്നു.
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യമിട്ടുകൊണ്ട് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിക്കും, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്‍റെ രണ്ടാം ഘട്ടം പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തല മേഖലയില്‍ റോഡുകളുടെ ടാറിംഗ്, റീടാറിംഗ്, കെട്ടിടങ്ങളുടെ നിര്‍മാണം, അറ്റകുറ്റപണി തുടങ്ങിയവയ്ക്കായി 5 കോടി രൂപയുടെ പദ്ധതികളും 2026-27 ല്‍ ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്നു.
ഗ്രാമ പഞ്ചായത്തിന്‍റെ വിഭവ പരിതിക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ വിഭാഗങ്ങളെയും ഒരു പോലെ പരിഗണിക്കുന്ന സര്‍വ്വതല സ്പര്‍ശിയായ ബജറ്റാണ് 2026-27 വര്‍ഷത്തേക്ക് ഗ്രാമ പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്.
ഗ്രാമ പഞ്ചതായത്ത് സെക്രട്ടറി ശ്രീ ടി ഷിബു കരുണ്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴസണ്‍മാരായ ശ്രീ പി നാരായണന്‍, ശ്രി ടി വി മോഹനന്‍, ശ്രീമതി നിഷ എം തുടങ്ങിയവര്‍ സംസാരിച്ചു.

Budget Presentation
  • Budget Report 2026-27