ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെട്ട രണ്ടുകാർഷികഗ്രാമങ്ങളാണ് കടന്നപ്പള്ളിയും പാണപ്പുഴയും. കൊളോണിയൽ ഭരണത്തിൽ നിന്ന് നമ്മുടെ രാജ്യം സ്വതന്ത്രമായതിനു ശേഷം 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിനെ തുടർന്ന് മദിരാശി സംസ്ഥാനത്തിന്റെ കീഴിലായി ഈ ഭൂവിഭാഗം. 1953 ൽ മദിരാശി സംസ്ഥാനം വിഭജിക്കുകയും 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം പുനസംഘടിപ്പിക്കുകയും ചെയ്തപ്പോൾ കേരളത്തിന്റെ ഭാഗമായി. 1954 ലാണ് കടന്നപ്പള്ളിയും പാണപ്പുഴയും രണ്ട് വില്ലേജ് പഞ്ചായത്തുകളായത്. ഏഴോം വില്ലേജിൽ നിന്നും എടുത്ത കടന്നപ്പള്ളിയും കുറ്റൂർ വില്ലേജിൽ നിന്നും എടുത്ത ചെറുവിച്ചേരിയും ചേർത്ത് രൂപീകരിച്ചതാണ് കടന്നപ്പള്ളി പഞ്ചായത്ത്. കുറ്റൂർ വില്ലേജിന്റെ ഒരു ഭാഗം തന്നെയായിരുന്നു പാണപ്പുഴ പഞ്ചായത്തായി മാറിയത്. 1962 ജനുവരി ഒന്നിന് രണ്ടു പഞ്ചായത്തുകളും പിരിച്ചു വിട്ടു. 20.12.1963 ൽ കടന്നപ്പള്ളി, പാണപ്പുഴ എന്നീ രണ്ട് വില്ലേജ് പഞ്ചായത്തുകളെ ചേർത്ത് കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് രൂപീകരിച്ചു.
പഞ്ചായത്തിലെ കുന്നിൻ ചെരിവുകൾ ഒരുകാലത്ത് തഴച്ചു വളരുന്ന കാടുകളാലും വന്യജീവികളാലും സമൃദ്ധമായിരുന്നു. പുലി, ചെന്നായ, കാട്ടുപന്നി, അള്ളാൻ, കാട്ടുകുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയ ജീവികളും മയിൽ അടക്കമുള്ള പക്ഷികളും യഥേഷ്ടം വിഹരിച്ച വനഭൂമി. വനനശീകരണത്തെ തുടർന്ന് വന്യജീവി സമ്പത്ത് അപ്രത്യക്ഷമായെങ്കിലും കൊളംബയിലെ ആറേക്കറോളം വിസ്തൃതിയുള്ള കക്കരക്കാവും രണ്ടര ഏക്കറോളം വിസ്തൃതിയുള്ള മുണ്ടപ്രം കാവും ജൈവ വൈവിധ്യത്തിന്റെ തിരുശേഷിപ്പുകളാണ്.
ഇരുപത്തിയെട്ടോളം കുന്നുകൾ കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം.
1. എടക്കോം കുന്ന് 2. തേനം കുന്ന് 3. ചീത്ത കുന്ന് (ബക്കളം)
4. മാണിക്യമംഗലം കുന്ന് 5. ചൊവ്വേരി കുന്ന് 6. വള്ളന കുന്ന്
7. നേത്യങ്ങോട്ട് കുന്ന് 8. മോന്തി കുന്ന് 9. കവിയാനം കുന്ന്
10. ഏച്ചി കുന്ന് 11. വെള്ളിയാനം കുന്ന് 12. മുണ്ടപ്രം കുന്ന്
13. കരിപ്പാൽ പൊയിൽ കുന്ന് 14. ഏണ്ടി കുന്ന് 15. കക്കോടിച്ചാൽ കുന്ന്
16. കള്ളച്ചാൽ കുന്ന് 17. പൂങ്ങോട്ട് കുന്ന് 18. വള്ളിക്കാനം കുന്ന്
19. ഏച്ചിക്കാനം കുന്ന് 20. കുളിക്കുന്ന് 21. തൃക്കുറ്റ്യേരി കുന്ന്
22. പൊള്ളാളം കുന്ന് 23. പുത്തൂർ കുന്ന് 24. പൊന്നുരുക്കി കുന്ന്
25. കോരച്ചാൽ കുന്ന് 26. കൊളംബ കുന്ന് 27. പടിക്കപ്പാറ കുന്ന്
28. പടിഞ്ഞാറേ മൊട്ടക്കുന്ന്
എക്കൽ മണ്ണുള്ള വയൽ പ്രദേശങ്ങളിലും പുഴയോര സമതല പ്രദേശങ്ങളിലും നെല്ല്, തെങ്ങ് മുതലായവ കൃഷി ചെയ്തു വന്നു. പൊതുവേ നാണ്യവിളകൾക്ക് അനുയോജ്യമായ കുന്നിൻ ചെരുവുകളിൽ റബ്ബർ, കശുമാവ്, മരച്ചീനി, കുരുമുളക് തുടങ്ങിയ കൃഷിക്കാണ് പ്രാധാന്യം നൽകിയത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം എടക്കോം കുന്നും താഴ്ന്ന പ്രദേശം കൊക്കോട്ടു വയലുമാണ്.
സ്ഥലനാമ ചരിത്രം
മഹാഭാരതത്തിലെ പാണ്ഡവൻമാർ വനവാസക്കാലത്ത് നമ്മുടെ പുഴ കടന്നു പോയിട്ടുണ്ടെന്നും അവരുടെ പാദസ്പർശങ്ങൾ ഏറ്റുവാങ്ങിയത് കൊണ്ട് ഈ പ്രദേശം പാണ്ഡവപ്പുഴ എന്ന പേരിൽ അറിയപ്പെട്ടെന്നും പാണ്ഡവപ്പുഴ ലോപിച്ചാണ് പാണപ്പുഴയായതെന്നുമാണ് ഒരു വിശ്വാസം. കർക്കിടക മാസത്തിൽ വെളുപ്പിനുമുമ്പേ ഓരോ വീടുകളിലും ചെന്ന് തുടികൊട്ടി തുയിലുണർത്തുന്ന പാണൻമാർ ഈ നദീതീരത്തൂടെ പാടി നടന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് പാണപ്പുഴ എന്ന പേരു ലഭിച്ചത് എന്നാണ് മറ്റൊരു നിരീക്ഷണം.
നെൽക്കതിരുകൾ കനകമായി വിളഞ്ഞയിടമെന്ന നിലയിൽ കനകഹള്ളിയായും പിന്നെ കനകപള്ളി (ഗ്രാമം) യായും ശേഷം കടന്നപ്പള്ളിയായി മാറിയെന്നുമാണ് ഈ പേരിനു പിന്നിലെ സങ്കൽപ്പം.
ചരിത്ര പഴമ
നദീതടങ്ങളിൽ സ്ഥിരതാമസമാക്കിത്തുടങ്ങിയ പ്രാചീന മനുഷ്യൻ സൃഷ്ടിച്ചെടുത്ത സവിശേഷ സംസ്കാരങ്ങളാണ് നദീതട സംസ്കാരങ്ങൾ. ലോകത്തെ ഒട്ടുമിക്ക സംസ്കാരങ്ങളുടെയും ഈറ്റില്ലം ഇത്തരം നദീതടങ്ങളായിരുന്നു. ഗോത്രജീവിതത്തിൽ നിന്നും ആസൂത്രിതമായ നാഗരിക ജീവിതത്തിലേക്കും മൗലികമായ സാംസ്കാരിക ധാരകളിലേക്കും മാനവസമൂഹം വഴിമാറിയതും നദീതടങ്ങളിൽ വച്ചായിരുന്നു. അതുകൊണ്ടാണ് അവ 'വിശ്വനാഗരികതയുടെ കളിത്തൊട്ടിൽ' എന്ന പേരിൽ അറിയപ്പടുന്നത്. ഭക്ഷ്യവസ്തുക്കൾ താനേ വിളഞ്ഞിരുന്ന ഇടങ്ങളിൽ കഴിയുന്നതിനുപകരം മനുഷ്യർ തങ്ങൾ താമസിക്കുന്നിടത്ത് ഭക്ഷണം ഉൽപ്പാദിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ വണ്ണാത്തിപ്പുഴയുടെ തീരങ്ങളും തന്റെ പരിതഃസ്ഥിതികളെ അനുകൂലമാക്കിത്തീർക്കാനുള്ള മനുഷ്യപ്രയത്നത്തിന്റെ വിജയ ഇടങ്ങളായി മാറി.
വന്യമൃഗങ്ങൾ നിർബാധം വിഹരിച്ചിരുന്ന ഈ കൊടുംകാടിന്റെ താഴ്വാരത്തേക്ക് പുരാതന ചേരരാജ്യത്തിലെ ആദിവാസിവിഭാഗത്തിൽ പെട്ടവരെത്തിയതുമുതലാണ് ഈ മണ്ണിൽ മനുഷ്യ സംസ്കൃതിയുടെ ശ്വാസം വീണത്. പിന്നീട് ഗോത്ര വിഭാഗത്തിൽപ്പെട്ട ചെറുമരിലൂടെയാണ് തുടർ ജീവിതം നടന്നു തുടങ്ങിയത്. കയ്യൂക്കിന്റെയും അഹങ്കാരം മേൽക്കോയ്മയേറിയ അധികാരത്തിന്റെയും ഹുങ്കിൽ നാട് അടിമകളുടേയും ഉടമകളുടേതുമായി വിഭജിക്കപ്പെട്ടു. കാലവും ജീവിതചക്രവും പിന്നെയും മാറി മാറി തിരിഞ്ഞു.
എഴിമല കേന്ദ്രമാക്കിയ മൂഷിക വംശത്തിന്റെ ആവിർഭാവത്തോടെ ഈ പ്രദേശം ആ രാജവംശത്തിന്റെ അധീനതയിലായി. ശേഷം ചിറക്കൽ ആസ്ഥാനമാക്കിയ കോലത്തിരിയുടെ കീഴിലായി.
ബ്രിട്ടീഷ് കോളനി വാഴ്ചക്ക് മുമ്പുതന്നെ ഇവിടുത്തെ സാധാരണക്കാർ ജൻമി നാട്ടുരാജാക്കൻമാരുടെ അധീനതയിലായിരുന്നു. വേങ്ങയിൽ നായനാരും, കരക്കാട്ടിടം നായനാരുമായിരുന്നു ഇവിടുത്തെ ജൻമിമാർ. ഇവരുടെ കാൽക്കീഴിൽ ആത്മാഭിമാനവും ആത്മവീര്യവും ആസ്തിവകകളും അടിയറവച്ച ഒരു തലമുറ. വഞ്ചനയെന്തെന്നറിയാത്ത പരസ്പരസ്നേഹം മാത്രം കൈമുതലായുള്ള അടിസ്ഥാന മനുഷ്യരുടെ ചുമലിൽവെച്ച നുകംകൊണ്ട് പതിറ്റാണ്ടുകളോളം അവരീ മണ്ണിന്റെ ചോരയൂറ്റിയെടുത്തു. ചാതുർവർണ്യത്തിലൂടെ ദാനം കിട്ടിയ മേൽക്കോയ്മയാൽ സവർണരെന്നഭിമാനിക്കപ്പെട്ടവർ വെള്ളക്കാരന്റെ സിൽബന്തികളായി. നാടിന്റെ അധികാരികളായി. അതുവരെ വിവിധ ദേവസ്വത്തിന്റെ കീഴിലായിരുന്ന ഭൂമിയുടെ ഏറിയ ഭാഗവും അവർ അവരുടെ വരുതിയിലാക്കി. ഉത്സവങ്ങളുടെ നടത്തിപ്പുകളിൽ പ്രധാനികളായി നഷ്ടത്തിന്റെ കഥകൾ ചമച്ച് പൊന്നു വിളയുന്ന മണ്ണ് മുഴുവൻ തങ്ങളുടേതാക്കി മാറ്റി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം ഏറെ ദൂരം മാറിനിൽക്കേണ്ടിവന്ന പാവങ്ങൾ; അവർണർ ഇതിനൊക്കെ മൂകസാക്ഷികളായി റാൻ മൂളി.
ഒരു വലിയ സമൂഹത്തിന്റെ പ്രാക്കലുകൾ മുഴുവൻ കോർത്ത് കിരീടമായി അണിഞ്ഞ നാട്ടുപ്രമാണികൾ.
ഓരോ നിലവിളികളെയും നിലയില്ലാകയത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ നാട്ടുരാജാക്കൻമാർ. ജന്മിത്വം എന്ന അധികാരപ്പട്ടത്തിൽ സാധാരണക്കാരന്റെ നിഷ്കളങ്ക വിശ്വാസങ്ങളെ അവർ ചൂഷണം ചെയ്ത് അടിമകളാക്കി. പൊനം കൊത്തി വിത്തെറിഞ്ഞ് രാവുപകലാക്കി മണ്ണുമായി എറ്റുമുട്ടി കർഷകർ നൂറുമേനി വിളയിച്ചു. അപ്പോഴും വാരം, പാട്ടം, വാശി, നുരി, മുക്കാൽ, വെച്ചുകാണൽ, കങ്കാണം, കുഴിക്കാണം, ശീലക്കാശ്- പല പല പേരുകളിൽ അവർ കർഷകരെ പറ്റിച്ചു കൊണ്ടേയിരുന്നു. 'ഒടി കുത്തിയ വയലേല' പൂത്തു വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകൾക്കുമീതെ കുത്തനെ നാട്ടിയ ഒരു നീളൻ വടി കൊയ്തെടുക്കാനുള്ള കൃഷിക്കാരന്റെ അവകാശത്തെ ചോദ്യം ചെയ്തു.
തീണ്ടലും തൊടീലും അതിന്റെ പൂർണ്ണതയിൽ അധികാരികൾ അവരുടെ ആവശ്യത്തിനായി നിലനിർത്തി. ആലക്കാട് കണ്ണങ്ങാട്ട് തീണ്ടിയാൽ വെളിച്ചെണ്ണയെടുത്തു കൊടുക്കുക എന്നൊരു ചടങ്ങുണ്ടായിരുന്നു. അതിനുവേണ്ടി കൊണ്ടുവന്നവരാണ് അവിടുത്തെ മുസ്ലിങ്ങൾ എന്ന് പറയപ്പെടുന്നു.
സ്വന്തം കുടിലുകൾക്കു മീതെ ഓടിടാൻ പോലും അന്ന് അധികാരികളുടെ സമ്മതം വേണമായിരുന്നു.
കാക്കേനാട്ടിയ പറമ്പിനും, കയ്യോലിനെ വരച്ച പറമ്പിനും, തലകുടഞ്ഞു കെട്ടിയ പറമ്പിനും പറയാനുള്ളതും ഈ നാട്ടു ന്യായാധിപരുടെ ക്രൂരവിനോദങ്ങൾ തന്നെയാണ്.
1930കളിൽ ഉയർന്നുവന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള കർഷക സമരങ്ങ ളിലൂടെയാണ് ഈ കെടുതികളെ ചോദ്യം ചെയ്യാനുളള ആർജവം ഇന്നാട്ടുകാർക്ക് കിട്ടാൻ തുടങ്ങിയത്.
നാൽക്കാലികളെപ്പോലെ പണിയെടുക്കുകയും ഫലങ്ങളെല്ലാം ജന്മിയുടെ അകത്തളങ്ങളിൽ കുന്നുകൂടുകയും ചെയ്തപ്പോൾ സഹനത്തിന്റെ മലകൾ നിരന്തരം താണ്ടിക്കടന്ന കർഷകർ ഒടുവിൽ നെഞ്ചുവിരിച്ച് പ്രതികരിക്കാൻ തയ്യാറായി. അങ്ങനെ സംഘടിതമായി നടത്തിയ പ്രതിഷേധ ജാഥ ജന്മിയുടെ അധികാര കൊത്തളങ്ങൾക്കേറ്റ ആദ്യ പ്രഹരമായി.
വാശി നുരി മുക്കാൽ വിട്ടുകിട്ടണം ..
കുറ്റിക്കാണം കങ്കാണം കൊടുക്കൂല ..
കള്ളപ്പറ അവസാനിപ്പിക്കുക..
പത്തിൽ രണ്ട് പന്ത്രണ്ടിൽ രണ്ടാക്കുക..
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കർഷകസംഘം നടത്തിയ പോരാട്ടമാണ് ഇവിടുത്തുകാരുടെ ജീവിതരീതിക്കും ദർശനത്തിനും പുതിയ ദിശാബോധം പകർന്നത്.
സമീപപ്രദേശങ്ങളിൽ നടന്ന ഐതിഹാസിക സമരങ്ങളിൽ ആവേശം പൂണ്ട കർഷകർ ഒന്നായി ജൻമിക്കെതിരെ പോരാടാനുറച്ചു. അധികാരത്തിന്റെ ഹുങ്കിൽ കിങ്കരൻമാരേയും പോലീസുകാരേയും ഇറക്കി ആ ജനകീയ സമരങ്ങളെ അധികാരികൾ നേരിട്ടു. പോലീസ് എന്താണെന്നത് കേട്ടറിവു മാത്രമുള്ള സാധാരണക്കാരൻ ബെൽറ്റും ബൂട്ടും ധരിച്ച് നിറതോക്കുകളുമായി വരുന്നവരെ കണ്ടപ്പോൾ ആദ്യം തിരിഞ്ഞോടി. പക്ഷേ ഈ അടിമ ജീവിതത്തെക്കാൾ നല്ലത് മരണമാണെന്ന് ഉറച്ച് വിശ്വസിച്ച പാവങ്ങൾ ആ മടക്കം മറ്റൊരു തിരിച്ചുവരവിന്നായ് കോപ്പുകൂട്ടി കരുതിനിന്നു.
പുരപ്പുല്ല് നിറഞ്ഞുനിൽക്കുന്ന പാറപ്രദേശം ജൻമിയുടെ കാര്യസ്ഥന്മാർ പാട്ടം കൊടുക്കാനായി വന്നപ്പോൾ ഈ സംഘശക്തി നാലുപാടും നിന്ന് കുതിച്ചെത്തി തടഞ്ഞു. ഗത്യന്തരമില്ലാതെ മടങ്ങേണ്ടി വന്ന കാര്യസ്ഥൻമാരുടെ പോക്കും നോക്കി കർഷകർ തങ്ങളുടെ കൂരകൾ മേയാനുള്ള പുല്ലുപറിച്ച് ആദ്യ വിജയം ആഘോഷിച്ചു. ഏത് അധികാര വർഗ്ഗത്തെയും അടിയറവ് പറയിക്കാനുള്ള ആയുധമാണ് ഈ സംഘബലമെന്ന പാഠം ആ ചെറുത്തു നിൽപ്പിലൂടെ അവർ ഹൃദിസ്ഥമാക്കി.
പരിഹാസത്തിന്റെയും അവഹേളനത്തിന്റെയും തുപ്പൽ കറയേറ്റ് പുഴുക്കളെപ്പോലെ ഇഴഞ്ഞു നീങ്ങുന്ന ജനങ്ങളെ നോക്കി അധികാരത്തിന്റെ തുംഗഗോപുരത്തിനു മുകളിൽ ഞെളിഞ്ഞു നിന്നിരുന്ന
ജന്മി ഒരു ദിവസം കണ്ടത് അന്നോളം തന്റെ നേരെ നോക്കാൻ പോലും ധൈര്യം കാണിക്കാത്ത കുടിയാന്റെ ധിക്കാരമായിരുന്നു. അതെ.. പാണപ്പുഴ വയലിൽ തൂവിയർപ്പിന്റെ ഉപ്പുനേദിച്ച് അന്നോളമുള്ള കനവുകളെല്ലാം പുതുമണ്ണിൽ അർപ്പിച്ച് വിളഞ്ഞുനിൽക്കുന്ന നിൽക്കെതിരുകൾ തന്റേതാണെന്ന് ശാഠ്യം പിടിക്കുന്ന പൂവട്ട രാമൻ എന്ന സാധാരണ കർഷകൻ ജൻമിയുടെ കണ്ണിൽ ധിക്കാരിയായി. പാട്ടം നിഷേധിച്ച രാമനെ ഒഴിപ്പിക്കാൻ പിന്നെ ഏറെ നേരം വേണ്ടിവന്നില്ല. എന്നാൽ അപ്രതീക്ഷിതമായി കർഷക സംഘത്തിന്റെ ആദ്യകാല പ്രവർത്തകൻ മത്തിയാരി കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടം കയ്യേറി നെല്ലുമൂർന്ന് കാവൽ നിന്നപ്പോൾ ഉതിർന്നു വീണത് ജന്മിയുടെ കിരീടത്തിൽ ചാർത്തിയ അഹംഭാവത്തിന്റെ പതിരുകളായിരുന്നു. പോലീസിനെ കൊണ്ട് കേസ് ചാർജ് ചെയ്യിച്ച് ജനമുന്നേറ്റത്തെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും തളരാത്ത ആത്മവീര്യം അവർക്ക് കൂട്ടുണ്ടായിരുന്നു.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നാട്ടിലൂടനീളം നടന്ന സമരങ്ങളിൽ സമര വളണ്ടിയർമാരുടെ ഒരു ക്യാമ്പ് കണ്ടോന്താറിൽ നടന്നിരുന്നു. ചുറ്റുപാടുമുള്ള കള്ള് ഷാപ്പ് പിക്കറ്റുചെയ്യാൻ ഒത്തുകൂടിയ വിവിധ പ്രദേശത്തുകാരായ സമര നേതാക്കന്മാരെ അൽഭുതമൂറുന്ന കണ്ണുകളുമായാണ് ഇന്നാട്ടുകാർ നോക്കി കണ്ടത്. അവരുടെ ചിന്തകളിൽ പോലും നിഴൽ വീശാത്ത സംഭവങ്ങൾക്ക് നാട് സാക്ഷ്യം വഹിച്ചപ്പോൾ അതിൽ ആവേശഭരിതരായി നിരവധി പേരാണ് സ്വാതന്ത്ര്യ സമരരംഗത്തേക്ക് ഇറങ്ങി തിരിച്ചത്.
അയിത്തോച്ഛാടനത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ തേറണ്ടിവയലിൽ വച്ച് നടന്ന സമപന്തിഭോജനം അതുവരെ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിഷേധിച്ചതിന്റെ അന്നദാനമായിരുന്നു. നാനാജാതി മതത്തിൽപ്പെട്ട ജനവിഭാഗത്തിന്റെ വേദനയും വിശപ്പും വികാരവും ഒന്നാണെന്ന തിരിച്ചറിവിൽ നടത്തിയ ഈ ഊട്ടുൽസവം പുതിയ സഹവർത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ മറ്റൊരു ഏടായി മാറി. പിന്നീട് നടന്ന ഓരോ കർഷകസമ്മേളനത്തിലും ഈ സമപന്തിഭോജനം ഒരു പ്രധാന അജണ്ടയായി ഏറെക്കാലം സ്ഥാനം പിടിച്ചിരുന്നുവെന്നത് ഈ കൂട്ടായ്മയുടെ വിജയ മന്ത്രത്തിന്റെ മഹത്വം തന്നെയാണ് തെളിയിച്ചത്.
ബ്രിട്ടീഷ് ഭരണത്തിന്റെ ആജ്ഞാനുവർത്തികളായ നാട്ടുപ്രമുഖർ തന്നെയായിരുന്നു ആദ്യകാല കോൺഗ്രസ് നേതാക്കൾ. അവരുടേത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പാതയല്ലെന്നും, നിലനിൽപ്പിനായുള്ള ആയുധമായാണ് കോൺഗ്രസിന്റെ നേതൃസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തുന്നത് എന്നുമുള്ള സത്യമറിഞ്ഞപ്പോൾ സോഷ്യലിസ്റ്റ് കോൺഗ്രസുമായി, കർഷകസംഘവുമായി ഭൂരിഭാഗം പേരും കൂട്ടുചേർന്നു. ഒപ്പം ജൻമിയുടെ അക്രമതേർവാഴ്ച അഭംഗുരം തുടർന്നപ്പോൾ ചേർത്തു നിർത്താൻ കർഷകസംഘം മാത്രമേ കൂടെയുള്ളൂ എന്ന തിരിച്ചറിവും ഈ മാറ്റത്തിന് കാരണമായി.
1935ൽ കൊളച്ചേരിയിൽ വെച്ച് കർഷകസംഘം രൂപീകരിച്ചതു മുതൽ ഇവിടെയും അതിന്റെ പ്രചാരണം നടന്നു. എകെജി, കെ പി ആർ, കെ പി ഗോപാലൻ, കെ.വി. നാരായണൻ നമ്പ്യാർ, സി.എൻ.കെ. നമ്പീശൻ, എം.പി. നാരായണൻ നമ്പ്യാർ തുടങ്ങിയ പ്രമുഖർ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി കർഷകരെ സംഘടിപ്പിക്കാൻ ഇവിടേക്ക് വന്നിട്ടുണ്ട്.
കർഷകപ്രസ്ഥാനത്തിന്റെ വളർച്ചയോടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിൽ നിന്ന് സോഷ്യലിസ്റ്റ് കോൺഗ്രസിലേക്കുള്ള മാറ്റം പ്രകടമായി. മലബാറിലെ കോൺഗ്രസ് ഇടത് വലതു ചേരിയായി പിരിഞ്ഞ ഘട്ടത്തിൽ 1939 ഏപ്രിൽ മാസത്തിൽ ബക്കളത്ത് കെപിസിസിയുടെ ഒരു സമ്മേളനം നടക്കുകയുണ്ടായി. ഈ സമ്മേളനത്തിൽ കാഴ്ചക്കാരായി പങ്കെടുത്ത് അതിൽ ആവേശം കൊണ്ട് കർഷകസംഘത്തിന്റെ സന്തത സഹചാരികളായവരാണ് കെ പി രാമൻ പണിക്കർ, പറമ്പത്ത് അപ്പക്കുട്ടി, ഇ. കൃഷ്ണൻ തുടങ്ങിയവർ. ബക്കളത്ത് അവർ കേവലം കാഴ്ചക്കാരായിരുന്നുവെങ്കിലും തിരിച്ചുവന്നത് ഇവിടുത്തുകാരെ ഉണർത്താനുള്ള ഉയിർത്തു പാട്ടുമായിട്ടായിരുന്നു. അതുവരെ സ്വന്തം വിയർപ്പുവീണുനനഞ്ഞ മണ്ണിലെ ഒരു നുള്ളിനു പോലും അവകാശികളാകാതിരുന്നവരെ ഈ ഭൂമി തങ്ങളുടേതുകൂടിയാണ് എന്ന പുത്തൻ സന്ദേശവുമായി സമീപിച്ചപ്പോൾ നിഷ്കളങ്കത്വം വിട്ടുമാറാത്ത അവരുടെ കണ്ണുകളിൽ മുനിഞ്ഞു കത്തിയ വെളിച്ചം പ്രതിഫലേച്ഛയില്ലാത്ത ജീവിത സമരത്തിന്റെ തീപ്പന്തങ്ങളായി മാറി.
1936 ൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടായിരുന്നത് അഞ്ചു രൂപയ്ക്ക് മുകളിൽ നികുതി വയ്ക്കുന്നവർക്ക് മാത്രമായിരുന്നു. പ്രചരണത്തിന്റെ ഭാഗമായി കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി 10 പേർ നയിച്ച ഒരു ജാഥ നടന്നു. മഞ്ഞപ്പെട്ടിയും (കോൺഗ്രസും) നീലപ്പെട്ടിയും (ബ്രിട്ടീഷും) തമ്മിലുള്ള ഈ പോരാട്ടത്തിൽ വിജയം കോൺഗ്രസിനു തന്നെയായിരുന്നു. വിജയിയായ പോത്തേര മാധവനെയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾ ആദ്യവിജയം ആഹ്ലാദാരവങ്ങൾ കൊണ്ട് ആകാശത്തിന്റെ മാറുകീറിയ മുദ്രാവാക്യങ്ങളുയർത്തി ആഘോഷിച്ചു.
കർഷകസംഘം കണ്ടോന്താർ കുടുക്കുവളപ്പിൽ സംഘടിപ്പിച്ച സമ്മേളനം ഈ പഞ്ചായത്തിലെ കർഷക ചരിത്രത്തിന്റെ ഗതി നിശ്ചയിക്കുന്നതിൽ നിർണായക സ്ഥാനം പിടിച്ചു. ആലംബമറ്റവരുടെ കൂടപ്പിറപ്പുകളായ എകെജിയുടെയും കെപിആറിന്റെയും സാമീപ്യം ഇവിടുത്തുകാർക്ക് പുതുമയെക്കാളേറെ വീറും ഊർജ്ജവും പകർന്നു. തുടർന്ന് നടന്ന സമപന്തി ഭോജനത്തിലും, നേതാക്കന്മാർ തന്നെ വേഷമിട്ട പാട്ടബാക്കി നാടകത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിലും പങ്കാളികളായ സാധാരണ കർഷകർ സ്വന്തം കാലിന്നടിയിലെ മണ്ണിന്റെ യഥാർത്ഥ അവകാശികൾ തങ്ങളാണെന്ന തിരിച്ചറിവുകളോടെയാണ് പിരിഞ്ഞുപോയത്.
1940 ൽ ജനശക്തിയുടെ പ്രതിഷേധ കൊടുങ്കാറ്റിൽ ബ്രിട്ടീഷ് മേധാവിത്വം ആടിയുലഞ്ഞു. മൊറാഴ സംഭവത്തിന്റെ പേരിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട സമര നായകൻ കെപിആർ കഴുമരച്ചോട്ടിൽ നിന്നും മുടിനാരിഴയ്ക്ക് രക്ഷപ്പെട്ടത് നാടിന് പുതിയ ആവേശമായി. ജയിലിൽ നിന്നിറങ്ങിയ കെപിആർ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൂവേരിയിൽ നിന്നും കാനായി ചിറ്റാരിയിലേക്ക് ഒരു ജാഥ നടത്തി. ഈ ജാഥ പാണപ്പുഴ വെച്ച് തടയപ്പെട്ടു. കാളേൻ വളപ്പിൽ കുഞ്ഞിരാമൻ ആ ജാഥയിൽ പങ്കെടുത്ത ഇവിടത്തുകാരുടെ പ്രതിനിധിയാണ്. അദ്ദേഹത്തിന്റെ ആ പങ്കാളിത്തത്തിലൂടെ നേടിയെടുത്തത് ഒരു വലിയ ജനതയുടെ മനോഭാവത്തിലെ ഗുണപരമായ മാറ്റമാണ്. പീഡനമേറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണെന്ന ചിന്ത മാറി, നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ തേരാളികളാകാൻ നിരവധി പേർ മുന്നോട്ടുവന്നത് ഈ ജാഥയുടെ ഫലമായാണ്.
1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ഭാരതമാകെ ഇളകിമറിയുന്ന കാലം. ഇതിൻറെ ഭാഗമായി കണ്ടോന്താർ രജിസ്ട്രാഫീസ് പിക്കറ്റ് ചെയ്യാൻ മുന്നോട്ടുവന്ന അഞ്ചു ധീരന്മാരിലൊരാൾ ഇന്നാട്ടുകാരനായ കെ.കുമാരനായിരുന്നു. സമാധാനപരമായി പിക്കറ്റ് ചെയ്ത അവരെ അറസ്റ്റ് ചെയ്ത് കണ്ടോന്താറിൽ പണികഴിപ്പിച്ച ബംഗ്ലാവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന താൽക്കാലിക ജയിലിൽ അടച്ചു.
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് പട്ടിണികൊണ്ട് വലഞ്ഞ സാധാരണക്കാരന്റെ കണ്ണീരൊപ്പാൻ മുണ്ടുമുറുക്കിയുടുത്ത് മുന്നിട്ടിറങ്ങിയത് കർഷക സംഘത്തിന്റെ നേതാക്കൻമാർ തന്നെയായിരുന്നു. ആനപ്പല്ല് ചോളവും പുഴുനിറഞ്ഞ അരിയും കൊണ്ട് അരവയർ നിറക്കാൻ പാടുപെടുന്നവന്റെ ദൈന്യത നിറഞ്ഞ കുടിലുകളിൽ ആശ്വാസത്തിന്റെ കൈത്തിരികളുമായി അവർ കയറിയിറങ്ങി. ഒരു ജനത അപ്പാടെ ഇല്ലാതാകുമെന്ന നിലയിൽ വ്യാപകമായി പടർന്നുപിടിച്ച കോളറയിൽ നിന്നും ഈ പ്രദേശത്തുകാർ രക്ഷപ്പെട്ടത് ആ നേതാക്കൻമാരുടെ സാന്ത്വനവാക്കുകളും, സവിശേഷ പരിചരണ നിർദ്ദേശവും പരിസ്ഥിതി ഗുണവും ഒന്നുകൊണ്ടു മാത്രമാണ്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഇവിടം ശാന്തമായല്ല കടന്നുപോയത്. പ്രസിദ്ധമായ കൽക്കത്ത തീസീസിനെ തുടർന്ന് 1948 ൽ കമ്മ്യൂണിസ്ററുകാരെ വേട്ടയാടാൻ തുനിഞ്ഞ ഭരണകൂടത്തിന്റെ ചെയ്തികൾ ചെറുത്തുനിൽപ്പിന്റെ മറ്റൊരു അധ്യായം കൂട്ടി ചേർത്തു. സമരത്തെ തകർക്കാനും അവിടുത്തെ ജന്മിയെ സഹായിക്കാനുമായി വേങ്ങയിൽ നായനാർ 50 തോക്കുകളുമായി ചിറ്റാരി സംരക്ഷിക്കാൻ ഒരു ജാഥ നടത്തി. പ്രക്ഷോഭകരെ ഭയപ്പെടുത്താനുള്ള ശ്രമവുമായി മുന്നോട്ടു നീങ്ങിയ ജാഥകൊണ്ടൊന്നും ഇവിടുത്തുകാർ കുലുങ്ങിയില്ല. അവരുടെ വീറും വാശിയും കൂടിയതേയുള്ളൂ.
എൺപതുദിവസം തുടർച്ചയായി നടന്ന വള്ളിക്കാനത്തെ മിച്ചഭൂമി സമരം സ്വാതന്ത്ര്യ-ത്തിനുശേഷം ഈ പഞ്ചായത്തിൽ നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമാണ്. എം.പി. നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ആ സമരം കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടി.
അസൈനാർ വൈദ്യർ, മത്തിയാരി കണ്ണൻ, ഏര്യൻകാരൻ കണ്ണൻ, കെ പി കണ്ണൻ നായർ, വളപ്പൻ നാരായണൻ, ചെന്തലക്കണ്ണൻ, നീലമ്പുറത്ത് കുഞ്ഞമ്പു തുടങ്ങിയവർ പാണപ്പുഴയിലും കെ.പി. രാമൻ പണിക്കർ, പാനക്കാരൻ അപ്പക്കുട്ടി, പറമ്പത്ത് അപ്പക്കുട്ടി, ഇ. കൃഷ്ണൻ തുടങ്ങിയവർ കടന്നപ്പള്ളിയിലും കർഷകസംഘം രൂപീകരിക്കാനും പ്രവർത്തനങ്ങൾക്ക് നേതൃസ്ഥാനം വഹിച്ചും മുന്നിൽ നിന്നു. കെ.പി. രാമൻ പണിക്കരും പറമ്പത്ത് അപ്പക്കുട്ടിയും 1962 ലെ നിയമസാധുതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ക്രൂരമർദ്ദനവും 41 ദിവസത്തെ ജയിൽവാസവും അനുഭവിച്ചവർ കൂടിയാണ്.
സാമ്രാജ്യത്വത്തിന്റെയും ജന്മിത്വത്തിന്റെയും കൊടിയടയാളങ്ങൾ പിഴുതെറിഞ്ഞ, കൊളോണിയൽ ഭരണാധികാരികളുടെ മുട്ടുവിറപ്പിച്ച ജനമുന്നേറ്റത്തിന്റെ ചരിത്ര തണലുകളിൽ നിന്ന് നാം വായിച്ചെടുക്കാൻ ശ്രമിച്ച വറ്റാത്ത ആവേശവും നിശ്ചയദാർഢ്യവുമാണ് ഇന്നും ഈ നാടിന്റെ കരുത്ത്. കടന്നുവന്ന വഴികളിൽ വായിക്കാതെ വിട്ട ജീവിതങ്ങൾ ഇനിയുമുണ്ടാകാം. ചരിത്രത്തിന്റെ ക്യാൻവാസിൽ വരയ്ക്കപ്പെടാതെ ബാക്കിയായ, വിലമതിക്കാനാകാത്ത ആ നിർദ്ദോഷ ജീവിതങ്ങൾക്കു മുന്നിലും ശിരസ്സ് നമിക്കുന്നു.