പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
ചന്തപ്പുരയില്‍ ഐ ഇ സി ബോര്‍ഡുകള്‍ സ്ഥാപിച്ചു

September 9, 2026

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ബീക്കണ്‍ ടൗണായ ചന്തപ്പുരയില്‍ ഐ ഇ സി (ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ള പട്ടണങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രോജക്ട് ബീക്കണ്‍ ടൗണ്‍. പദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും ഒരു പ്രധാന പട്ടണത്തെ ആദ്യഘട്ടത്തില്‍ മാതൃകാ പട്ടണമാക്കി മാറ്റും. ഇത്തരത്തില്‍ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ ചന്തപ്പുര ടൗണിനെ മാതൃകാ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ചന്തപ്പുര ടൗണില്‍ 500 മീറ്റര്‍ മുതല്‍ ഒരു കിലോ മീറ്റര്‍ വരെ ചുറ്റളവിലുള്ള പ്രദേശമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മാലിന്യം വലിച്ചെറിയുന്നതും ദുര്‍ഗന്ധമുള്ളതുമായ സ്ഥലങ്ങള്‍ കണ്ടെത്തി ശുചീകരിക്കല്‍, പൊതു ശുചിമുറികള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍, മാലിന്യ ശേഖരണവും സംസ്കരണവും ശക്തിപ്പെടുത്തല്‍, അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ നടക്കും.
നിലവിലെ ശുചിത്വ നിലവാരം അളക്കുന്നതിനായി കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എസ് പി സി കുട്ടികളുടെ നേതൃത്വത്തില്‍ ചന്തപ്പുരയില്‍ നടന്ന ബെയ്സ് ലൈന്‍ സര്‍വ്വേയില്‍ കണ്ടെത്തിയ വിടവുകള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ഐ ഇ സി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ശുചിത്വ മാലിന്യ സംസ്കരണ സന്ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ ചന്തപ്പുരയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ നിര്‍വഹിച്ചു. സെക്രട്ടറി ആന്‍റണി എന്‍, അസിസ്റ്റന്‍റ് സെക്രട്ടറി സജിത പി കെ, ശുചിത്വ മിഷന്‍ ആര്‍ പി സുജന എം, വി ഇ ഒ സൗമ്യ സി എച്ച്, ഭരണസമിതി അംഗങ്ങള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

image