പകര്‍ച്ചവ്യാധി ബോധവല്‍കരണ ക്യാമ്പയിന് തുടക്കമായി
July 21, 2026
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍കരണ ക്യാമ്പയിന് തുടക്കമായി. ചന്തപ്പുരയില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ ടി വി മോഹനന്‍റെ അദ്ധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് പുറമെ, ശാസ്ത്രീയ ഖരമാലിന്യ സംസ്കരണം, തെരുവ് നായ നിയന്ത്രണം എന്നീ ലക്ഷ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് ഗ്രാമ പഞ്ചായത്ത് ക്യാമ്പയിന്‍ ഏറ്റെടുത്തിരിക്കുന്നത്. ക്യാമ്പയിന്‍റെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് ബോധവല്‍കരണ നോട്ടീസ് വിതരണം ചെയ്യുന്നതിനോടൊപ്പം വീടുകളിലെ ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. തെരുവ് നായ നിയന്ത്രണത്തിന്‍റെ ഭാഗമായി, വീടുകളില്‍ നിന്നും ഭക്ഷണമാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് തടയുന്നതിനും അവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതും ക്യാമ്പയിനിന്‍റെ ഭാഗമാണ്.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി ഷിബു കരുണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി വി ഷൈന, സി വി വിനോദ്, ശുചിത്വ മിഷന്‍ ആര്‍ പി സുജന എം, വി ഇ ഒ സൗമ്യ സി എച്ച്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജ്യോതി വി വി തുടങ്ങിയവര്‍ സംസാരിച്ചു.